Tuesday 10 February 2015

മലയാളി മെസ്സായ നമ :

വർഷങ്ങളായി ഇവിടെ താമസിക്കുകയാണെങ്കിലും ഇവിടെ വന്നിട്ട് സ്വന്തം നാടിലെ ഭക്ഷണം ഇവിടെ നിന്ന് കഴിക്കണം എന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. ഒരു രാത്രി കൊണ്ട് വീട്ടിൽ എത്താം എന്നുള്ളത് കൊണ്ട് മാത്രം ഒന്നുമല്ല അത്. ഓരോ നാട്ടിലും ചെന്നാൽ അവിടെ പ്രത്യേകതയുള്ള ഭക്ഷണം ഉണ്ടാകും എന്നാണ് എന്റെ വിശ്വാസം. അല്ലെങ്കിൽ അങ്ങനെ അവരുടെതായ ഭക്ഷണം പരീക്ഷിക്കുകയാണ് രസകരം എന്ന് എപ്പോഴും തോന്നാറുണ്ട്. 

പക്ഷെ ഇത് വരെ കണ്ടു മുട്ടിയ മിക്ക മലയാളികളും (ഇവിടെ) ഇവിടെ എത്തിയാൽ ആദ്യം തിരയുന്നത് ഒരു മലയാളി മെസ്സ് ആണ് എന്നതിൽ ഒരു സംശയവുമില്ല. "എടാ (എടീ) ഇന്ന സ്ഥലത്ത് ഒരു പുതിയ മലയാളി മെസ്സ് വന്നിട്ടുണ്ട്. ഇന്ന് ഉച്ചക്ക് അവിടെ ആക്കിയാലോ?" എന്ന് കേൾക്കാത്ത ദിവസം പലപ്പോഴും കുറവായിരിക്കും. ഭക്ഷണം മോശം ആയിട്ടൊന്നുമല്ല ഞാൻ ഈ statement കൾ ഒക്കെ പറയുന്നത്. വെറുതെ ആലോചിച്ച് പോവുന്നു എന്നെ ഉള്ളു. അല്ലെങ്കിൽ തന്നെ കേരളത്തിൽ കിട്ടുന്ന പോലെ അത്ര നല്ല മലയാളി ഭക്ഷണം ഇവിടെ ഈ മറു നാട്ടില കിട്ടുമോ? കേരളത്തിലെ ഭക്ഷണം കഴിക്കാൻ കേരളത്തിലേക്ക് തന്നെ പോകണം എന്നാണ് എനിക്ക് തോന്നുന്നത് . അല്ലാതെ 'nostalgia', 'മണ്ണാങ്കട്ട' എന്നൊക്കെ പറഞ്ഞ്  ഇവിടെ മലയാളി മെസ്സ് അന്വേഷിച് നടക്കേണ്ട വല്ല കാര്യവുമുണ്ടോ?

ഇപ്പോൾ നിങ്ങൾ വിചാരിക്കുന്നുണ്ടാവും, ഞാൻ ഏതോ മലയാളി മെസ്സിൽ ഭക്ഷണം കഴിക്കാൻ കയറി അയാള് പറ്റിച്ചു എന്നോ അല്ലെങ്കിലത്‌ പോലെ എന്തോ സംഭവിച്ചു എന്നാകും. എനിക്ക് ഇവിടെ മലയാളി മെസ്സിനോടോ ആന്ധ്ര മെസ്സിനോടോ ഒരു പരിഭവവുമില്ല. ഇവിടെ എല്ലാം പോയി ഭക്ഷണവും കഴിക്കാറുണ്ട്. പക്ഷെ കേരളത്തിലെ അഥവാ മലയാളിയുടെ കയ്യൊപ്പ് പതിഞ്ഞ ഭക്ഷണം കഴിക്കണമെങ്കിൽ എന്റെ വീട്ടിലെ ഭക്ഷണമോ അല്ലെങ്കിൽ എന്റെ  (sic- being selfish) നാട്ടിലെ ഷാലിമാർ ഹോട്ടലിലോ അല്ലെങ്കിൽ പൂരങ്ങളുടെ നാട്ടിലെ പത്തന്സിലോ പോയ പോരെ. അല്ലാതെ പാതി വെന്ത ചോറ് പോലെ ഉള്ള അന്യ നാട്ടിലെ മെസ്സുകളിൽ നിന്ന്... അറിയില്ല. അത് കൂടാതെ ഓരോ നാട്ടിലും എത്തുമ്പോൾ അവരുടെതായ special food items പരീക്ഷിക്കാനുള്ള അവസരമല്ലേ നഷ്ടപെടുന്നത് എന്ന് വെറുതെ ഒരു സന്ദേഹം.

PS: മലയാളി മെസ്സുകളിൽ നിന്ന് ഭക്ഷണം സ്ഥിരമായി ഭക്ഷണം കഴിക്കുന്നവർ ദയവു ചെയ്ത് എന്നെ അടിക്കാൻ വരരുത്. ഇന്ന് ഉച്ചക്ക് എനിക്ക് ഭക്ഷണം കഴിക്കാൻ പറ്റിയില്ല. അതോണ്ടാ ഈ പോസ്റ്റ്‌ എന്നങ്ങൊട്ട് വിചാരിച്ചെക്ക്  ;)

Tuesday 12 April 2011

ബസ്‌ എന്ന സാംസ്കാരിക പ്രതീകം...

ഹോയ്...
വള്ളം തുഴയുന്നവര്‍ മറുകരയിലേക്ക് ആളുകളെ വിളിക്കുന്ന സൂത്രമാണെന്ന് വിചാരിക്കേണ്ട. വര്‍ഷങ്ങള്‍ക്കു മുന്പ് ഈ മഹാനഗരത്തില്‍ വന്നപ്പോള്‍ അതാണെന്ന് ഒരു നിമിഷം തെറ്റി ധരിക്കുകയും ചെയ്തു. നീലയും വെള്ളയും കലര്‍ന്ന ബസ്സില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് ഈ ശബ്ദം ആദ്യം കേട്ടത്. 
ചുറ്റും എവിടെയും വള്ളം ഇല്ലാത്തതിനാല്‍ ഒരിക്കല്‍ കൂടെ ശ്രദ്ധിച്ചപ്പോഴാണ് കാര്യം പിടി കിട്ടിയത്. ഹോയ് എന്നാല്‍ "റൈറ്റ്" . അതെ. ബസ്സിലെ കണ്ടക്ടര്‍ റൈറ്റ് പറയുന്നതിങ്ങനെ ആണ്. 
പിന്നെ പിന്നെ അത് ശീലമായി. 
ബി എം ടി സി എന്ന പേരിലറിയപ്പെടുന്ന നഗരത്തിലെ ബസ്സുകള്‍ക്ക് പണ്ട് ടിസ്സി മറിയം തോമസ്‌ പറഞ്ഞത് പോലെ സാംസ്കാരിക പ്രതീകം എന്ന് പേര് തന്നെയാണ് യോജിക്കുക. എല്ലാത്തരം ആളുകളും സമ്മേളിക്കുന്ന ഒരു ഇടത്താവളം. 
ജാതി-ലിംഗ- മത വ്യത്യാസമില്ലാതെ ആളുകളെ കാണാന്‍ സാധിക്കുന്ന അപൂര്‍വ്വം  കാര്യങ്ങളില്‍ ഒന്നാകും ഈ ബസ്സുകള്‍. നഗരത്തില്‍ മാത്രമാണ് ഇത്തരം ബസ്സുകള്‍ ഉള്ളത്.നീല നിറത്തിന് പുറമേ (ഇപ്പോള്‍) മറ്റു നിറങ്ങളില്‍ ഉള്ള ബസ്സുകളും ഉണ്ട് . സ്ത്രീ സ്പെഷ്യല്‍, (ഇല്ല, പുരുഷന്‍ സ്പെഷ്യല്‍ ഇനിയും എത്തിയിട്ടില്ല. ക്ഷമിക്കു) കുറച്ച കൂടി സുഖകരമായ സെറ്റ് ഉള്ളവ, എ. സി, എല്ലാമുണ്ട്.
സ്കൂള്‍ യൂനിഫോമുകളുടെ ഒരു വിധം എല്ലാ നിറങ്ങളും ബസ്സുകള്‍ക്ക് ഉണ്ട്. എന്‍ജിന്‍, സീറ്റ്‌ തുടങ്ങിയ കാര്യങ്ങളൊക്കെ കണ്ടു പഴകിയതു തന്നെ. 
പിന്നൊരു വ്യത്യാസമുണ്ട്. 
സന്തോഷകരമായ കാര്യം എന്ന് തന്നെ പറയാം. 
സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ കേറിയിരുന്നാല്‍ പുരുഷന്മാര്‍ വേഗം മാറിത്തരും. സ്നേഹം കൊണ്ടാണോ അതോ പേടിച്ചിട്ടാണോ എന്നൊന്നും അറിയില്ല. എന്തായാലും അവര് എഴുന്നേല്‍ക്കും. അത് പോലെ പുരുഷന്മാരുടെ സീറ്റില്‍ (തത്കാലത്തേക്ക്) സ്ത്രീകളെങ്ങാനും കയറിയിരുന്നാല്‍ അവര് ഇടി വെട്ടേറ്റതു പോലെ ഒന്നും കാണാറില്ല. അവര് വളരെ cool  ആണ്. cool എന്ന് പറഞ്ഞാല്‍ മനുഷ്യരെ കാണാത്ത പോലെയുള്ള അവസ്ഥയില്ല എന്നര്‍ത്ഥം. എനിക്ക് വേറെ പണിയുണ്ട്. നിങ്ങള്‍ നിങ്ങളുടെ പണി നോക്ക്  എന്ന മട്ട്. 
പിന്നെ ചില്ലറ പൈസ കിട്ടുന്ന കാര്യത്തില്‍ ലോകത്ത് എല്ലായിടത്തുമുള്ള ബസ്സുകള്‍ ഒരേ പോലെയാണെന്ന് തോന്നുന്നു. ഇവിടെ കുറച്ചു കടന്ന അവസ്ഥയാണ്‌. ഇറങ്ങുമ്പോള്‍ തരാം എന്നാ മട്ടില്‍  ടിക്കറ്റിന്റെ പുറകില്‍ കുറിക്കും. യാത്രക്കാര്‍ മറന്നെങ്കില്‍ മറന്നോട്ടെ എന്ന കുബുദ്ധിയും ഇതിനു പിന്നിലുണ്ടെന്ന് ഇടയ്ക്കു തോന്നും. 
അത് കാരണം ഏറ്റവും എളുപ്പമുള്ള വഴി ബസ്‌ പാസ്‌ എടുക്കലാണ്. Day പാസ്സും monthly പാസ്സും ഉണ്ട്. നഗരത്തിലെ public transportation -ലെ ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ഇതെന്ന് തോന്നിയിട്ടുണ്ട്. നഗരത്തില്‍ എവിടെയും ഈ പാസ്‌ ഉപയോഗിച്ച യാത്ര ചെയ്യാം. സുഖം, സ്വസ്ഥം! പക്ഷെ  fast fast ലോകത്തിനു ബസ്സുകള്‍ എത്രത്തോളം സുഖപ്രദമാണ് എന്നത് സംശയമാണ്. ( നഗരത്തില്‍ മിക്കവര്‍ക്കും ഇരു ചക്ര വാഹനമോ, നാല് ചക്ര വാഹനമോ ഉണ്ടെന്നത് മറ്റൊരു കാര്യം) ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാവര്‍ക്കും വേഗം (വേഗം) ലക്ഷ്യ സ്ഥാനത്ത് എത്തുക എന്നതാണല്ലോ പ്രധാനം. 
ബസ്സില്‍ കയറുമ്പോള്‍ ധാരാളം സീറ്റ്‌ കാണുമ്പോള്‍ ഒരു പ്രത്യേക feeling ഉണ്ടാകുമല്ലോ. അതെ പോലെ തന്നെയാണ് ബസ്സിലുള്ള തിരക്കും. കമ്പിളി ടവല്‍ തുന്നുന്നവര്‍, പൂമാല കെട്ടുന്നവര്‍, സൊറ പറയുന്നവര്‍, കഴിഞ്ഞ ദിവസം വായിച്ചവസാനിപ്പിച്ച പേജില്‍ നിന്ന് നോവലിന്റെ ബാക്കി വായിക്കുന്നവര്‍, mobile phone, mp3  തുടങ്ങിയ gadget -കളില്‍ മുഖവും മനസ്സും (!) പൂഴ്ത്തിയിരിക്കുന്നവര്‍, പരീക്ഷക്ക്‌ പഠിക്കുന്നവര്‍, വായ്‌ നോക്കുന്നവര്‍ (ഞാനും, നിങ്ങളും ഉള്‍പ്പടെ). അങ്ങനെ പലതരം മനുഷ്യര്‍. 
നാട്ടിലെ പാസ്സഞ്ചര്‍ ട്രെയിനിലും മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളിലും മാത്രം കണ്ടു ശീലിച്ച കാഴ്ചകളാണ് ഇത്.  തിരക്കിനിടയിലും ഇത് ഇവര്‍ എങ്ങനെ ചെയ്യുന്നു എന്ന് തോന്നും. പിന്നെ പിന്നെ നമ്മളും അതിന്റെ ഭാഗമാകും. Fast ലോകത്തിന്റെ ഭാഗമായ നമ്മളും പതുക്കെ പതുക്കെ അതില്‍ അലിഞ്ഞ് അലിഞ്ഞ് ചേരും... slowly, slowly, slowly...
ബസ്‌ ഒരു (പരിധി വരെ) സാംസ്കാരിക പ്രതീകം തന്നെയാണ്... 

Heading courtesy: Tissy Mariam Thomas

Sunday 9 January 2011

ദേ വരുന്നു... രഥം!

കന്നഡ ഭാഷ പഠിപ്പിക്കാന്‍  രഥം വരുന്നു. അടുത്തൊരു ദിവസം ഒരു മലയാളം ദിനപത്രത്തില്‍ വായിച്ചതാണ്. വളരെ ചെറിയൊരു വാര്‍ത്ത. എഴുതിയ ആളോട് ഇത്തിരി നീരസം തോന്നി. ഇത്തരം വാര്‍ത്തകളൊക്കെ കുറച്ചു വലുതാക്കിക്കൂടെ?
 നമ്മുടെ രാഷ്ട്രീയ നേതാക്കന്മാര്‍ സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റൊരറ്റം വരെ 'യാത്രകള്‍' നടത്തുന്ന പോലെയുള്ള സംഭവമല്ല ഇത് കേട്ടോ. ഇത് ഒരു ദിവസം നാല് നിയോജക മണ്ഡലങ്ങള്‍ വീതം ഒരു മാസത്തോളമുള്ള യാത്രയാണ്. പ്രശസ്ത സാഹിത്യകാരന്മാരും കലാകാരന്മാരും പിന്നെ അധ്യാപകരും ഇതിലുണ്ടാവും.അവരാണ് സാരഥികള്‍.
പകുതിയിലധികം ജനസംഖ്യയും രാജ്യത്തിന്റെ പുറത്ത് നിന്നുള്ളവരായതിനാലാണത്രെ ഇങ്ങനൊരു യാത്ര. യു. ആര്‍. അനന്തമൂര്‍ത്തി, ഗിരീഷ്‌ കര്‍ണാട് തുടങ്ങിയവരൊക്കെ ആകും ഇതിനുണ്ടാവുക എന്നും കേള്‍ക്കുന്നു.
 കേരളത്തില്‍ ഇങ്ങനെ ഒരു സംഭവം ഉണ്ടാകുമോ?
 അതോ സാന്ട -ഓണം യാത്ര മാത്രമായി ചുരുങ്ങിപ്പോകുമോ?
 മലയാളത്തെ ഉദ്ഘോഷിച്ച് രഥത്തില്‍ ബഹുമുഖ പ്രതിഭകള്‍ ബോധവത്കരിക്കുന്നത്... നമ്മുടെ പ്രിയ എഴുത്തുകാരും
കലാകാരന്മാരും രഥത്തില്‍ വരുന്നു...  
കാഴ്ചകള്‍ ആലോചിക്കാന്‍ ഒരു സുഖമുണ്ട്. തീര്‍ച്ച.
ഭാഷയുടെ മരണം എന്നൊക്കെ പറയുന്ന ബുദ്ധിജീവികള്‍ക്കും നല്ല സന്തോഷമാകും.
യാത്ര കൊണ്ട് ചിലപ്പോള്‍ ക്ലാസിക്കല്‍ ഭാഷ പദവി തന്നെ കിട്ടിയാലോ -- ഒരാള്‍. 
അത്രക്കൊന്നും വേണ്ടേ... രഥം ഉണ്ടാക്കാനുള്ള ഫണ്ട്‌ കിട്ടിയാല്‍ ഭാഗ്യം -- മറ്റൊരാള്‍.
സാഹിത്യകാരന്മാര്‍- കലാകാരന്മാര്‍ ടീം ഒന്നിച്ചു വരുമോ? -- ഒരാളുടെ സംശയം.
'നല്ല' സ്കൂളില്‍ പോയാല്‍ മതി. പിന്നെ രഥം വേണ്ടാലോ  -- വേറെ ഒരാള്‍.

" ഒക്കെ ശരിയാവുമെടോ ദാസാ, എല്ലാത്തിനും അതിന്റേതായ സമയമുണ്ട്..."

Monday 3 January 2011

അല്ലി ഇല്ലി ചമ്മന്തി

അല്ലിയും ഇല്ലിയും ഇല്ലാതെ ഈ നഗരം പൂര്‍ണമാകില്ല. ഭാഷ അറിയാത്തവര്‍ക്ക് ആണെങ്കില്‍ പ്രത്യേകിച്ചും. ഒന്ന് പിടിച്ചു നില്‍ക്കാന്‍ അല്ലിയും ഇല്ലിയും വേണം. അപ്പോള്‍ പിന്നെ ബ്ലോഗിന്‍റെ
പേരും അങ്ങനെ തന്നെ ആയിക്കോട്ടെ എന്ന് വിചാരിച്ചു. സംഭവത്തിന്‍റെ കൂടെ ഒരു ചമ്മന്തിയും കൂടി ചേര്‍ത്തപ്പോള്‍ (നമ്മുടെ പഴയ ആ അല്ലി ഇല്ലി ചമ്മന്തി കളി തന്നെ)  കാര്യം ക്ലീന്‍. 
    ഭാഷ പഠിക്കാന്‍ വല്യ ബുദ്ധിമുട്ടാണ്. എപ്പോഴും വിചാരിക്കും.
സത്യം തന്നെയാ.  അല്ലിയും ഇല്ലിയും കൊണ്ട് ജീവിച്ചു പോണു എന്നാണു മിക്കവരുടെയും നിലപാട്. 
ശരിയാണ്.
അതൊരു starting point തന്നെയാണ്.
ഏല്‍ക്കാന്‍ സാധ്യതയുണ്ട്. അതിലൂടെ ഭാഷയിലേക്ക് കയറാന്‍ പറ്റിയാലോ? (ജയറാം 'വീണ്ടും ചില വീട്ടുകാര്യങ്ങളില്‍' പറഞ്ഞ പോലെയല്ല) 
നമ്മുടെ 'അവിടെ ഇവിടെ' തന്നെയാണ് ഈ 'അല്ലി ഇല്ലി' . ആദ്യമൊക്കെ എല്ലാരേം പോലെ തേന്മാവിന്‍ കൊമ്പത്തിലെ ഹള്ളി, എവ്വലുതെ അക്കരെലൂ എന്നാണു വിചാരിച്ചിരുന്നത്. ആദ്യമായി കേള്‍ക്കുന്നവര്‍ക്ക് ഇന്നും സംഭവം അതൊക്കെ തന്നെയാണ്. പതുക്കെയേ കാര്യം പിടി കിട്ടൂ. എന്നാലും ഒരു രസമുണ്ട്.
നമ്മുടെ പഴയ 'അല്ലി ഇല്ലി ചമ്മന്തി' പോലെ...