Tuesday, 12 April 2011

ബസ്‌ എന്ന സാംസ്കാരിക പ്രതീകം...

ഹോയ്...
വള്ളം തുഴയുന്നവര്‍ മറുകരയിലേക്ക് ആളുകളെ വിളിക്കുന്ന സൂത്രമാണെന്ന് വിചാരിക്കേണ്ട. വര്‍ഷങ്ങള്‍ക്കു മുന്പ് ഈ മഹാനഗരത്തില്‍ വന്നപ്പോള്‍ അതാണെന്ന് ഒരു നിമിഷം തെറ്റി ധരിക്കുകയും ചെയ്തു. നീലയും വെള്ളയും കലര്‍ന്ന ബസ്സില്‍ കയറാന്‍ നില്‍ക്കുമ്പോഴാണ് ഈ ശബ്ദം ആദ്യം കേട്ടത്. 
ചുറ്റും എവിടെയും വള്ളം ഇല്ലാത്തതിനാല്‍ ഒരിക്കല്‍ കൂടെ ശ്രദ്ധിച്ചപ്പോഴാണ് കാര്യം പിടി കിട്ടിയത്. ഹോയ് എന്നാല്‍ "റൈറ്റ്" . അതെ. ബസ്സിലെ കണ്ടക്ടര്‍ റൈറ്റ് പറയുന്നതിങ്ങനെ ആണ്. 
പിന്നെ പിന്നെ അത് ശീലമായി. 
ബി എം ടി സി എന്ന പേരിലറിയപ്പെടുന്ന നഗരത്തിലെ ബസ്സുകള്‍ക്ക് പണ്ട് ടിസ്സി മറിയം തോമസ്‌ പറഞ്ഞത് പോലെ സാംസ്കാരിക പ്രതീകം എന്ന് പേര് തന്നെയാണ് യോജിക്കുക. എല്ലാത്തരം ആളുകളും സമ്മേളിക്കുന്ന ഒരു ഇടത്താവളം. 
ജാതി-ലിംഗ- മത വ്യത്യാസമില്ലാതെ ആളുകളെ കാണാന്‍ സാധിക്കുന്ന അപൂര്‍വ്വം  കാര്യങ്ങളില്‍ ഒന്നാകും ഈ ബസ്സുകള്‍. നഗരത്തില്‍ മാത്രമാണ് ഇത്തരം ബസ്സുകള്‍ ഉള്ളത്.നീല നിറത്തിന് പുറമേ (ഇപ്പോള്‍) മറ്റു നിറങ്ങളില്‍ ഉള്ള ബസ്സുകളും ഉണ്ട് . സ്ത്രീ സ്പെഷ്യല്‍, (ഇല്ല, പുരുഷന്‍ സ്പെഷ്യല്‍ ഇനിയും എത്തിയിട്ടില്ല. ക്ഷമിക്കു) കുറച്ച കൂടി സുഖകരമായ സെറ്റ് ഉള്ളവ, എ. സി, എല്ലാമുണ്ട്.
സ്കൂള്‍ യൂനിഫോമുകളുടെ ഒരു വിധം എല്ലാ നിറങ്ങളും ബസ്സുകള്‍ക്ക് ഉണ്ട്. എന്‍ജിന്‍, സീറ്റ്‌ തുടങ്ങിയ കാര്യങ്ങളൊക്കെ കണ്ടു പഴകിയതു തന്നെ. 
പിന്നൊരു വ്യത്യാസമുണ്ട്. 
സന്തോഷകരമായ കാര്യം എന്ന് തന്നെ പറയാം. 
സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ കേറിയിരുന്നാല്‍ പുരുഷന്മാര്‍ വേഗം മാറിത്തരും. സ്നേഹം കൊണ്ടാണോ അതോ പേടിച്ചിട്ടാണോ എന്നൊന്നും അറിയില്ല. എന്തായാലും അവര് എഴുന്നേല്‍ക്കും. അത് പോലെ പുരുഷന്മാരുടെ സീറ്റില്‍ (തത്കാലത്തേക്ക്) സ്ത്രീകളെങ്ങാനും കയറിയിരുന്നാല്‍ അവര് ഇടി വെട്ടേറ്റതു പോലെ ഒന്നും കാണാറില്ല. അവര് വളരെ cool  ആണ്. cool എന്ന് പറഞ്ഞാല്‍ മനുഷ്യരെ കാണാത്ത പോലെയുള്ള അവസ്ഥയില്ല എന്നര്‍ത്ഥം. എനിക്ക് വേറെ പണിയുണ്ട്. നിങ്ങള്‍ നിങ്ങളുടെ പണി നോക്ക്  എന്ന മട്ട്. 
പിന്നെ ചില്ലറ പൈസ കിട്ടുന്ന കാര്യത്തില്‍ ലോകത്ത് എല്ലായിടത്തുമുള്ള ബസ്സുകള്‍ ഒരേ പോലെയാണെന്ന് തോന്നുന്നു. ഇവിടെ കുറച്ചു കടന്ന അവസ്ഥയാണ്‌. ഇറങ്ങുമ്പോള്‍ തരാം എന്നാ മട്ടില്‍  ടിക്കറ്റിന്റെ പുറകില്‍ കുറിക്കും. യാത്രക്കാര്‍ മറന്നെങ്കില്‍ മറന്നോട്ടെ എന്ന കുബുദ്ധിയും ഇതിനു പിന്നിലുണ്ടെന്ന് ഇടയ്ക്കു തോന്നും. 
അത് കാരണം ഏറ്റവും എളുപ്പമുള്ള വഴി ബസ്‌ പാസ്‌ എടുക്കലാണ്. Day പാസ്സും monthly പാസ്സും ഉണ്ട്. നഗരത്തിലെ public transportation -ലെ ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് ഇതെന്ന് തോന്നിയിട്ടുണ്ട്. നഗരത്തില്‍ എവിടെയും ഈ പാസ്‌ ഉപയോഗിച്ച യാത്ര ചെയ്യാം. സുഖം, സ്വസ്ഥം! പക്ഷെ  fast fast ലോകത്തിനു ബസ്സുകള്‍ എത്രത്തോളം സുഖപ്രദമാണ് എന്നത് സംശയമാണ്. ( നഗരത്തില്‍ മിക്കവര്‍ക്കും ഇരു ചക്ര വാഹനമോ, നാല് ചക്ര വാഹനമോ ഉണ്ടെന്നത് മറ്റൊരു കാര്യം) ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. എല്ലാവര്‍ക്കും വേഗം (വേഗം) ലക്ഷ്യ സ്ഥാനത്ത് എത്തുക എന്നതാണല്ലോ പ്രധാനം. 
ബസ്സില്‍ കയറുമ്പോള്‍ ധാരാളം സീറ്റ്‌ കാണുമ്പോള്‍ ഒരു പ്രത്യേക feeling ഉണ്ടാകുമല്ലോ. അതെ പോലെ തന്നെയാണ് ബസ്സിലുള്ള തിരക്കും. കമ്പിളി ടവല്‍ തുന്നുന്നവര്‍, പൂമാല കെട്ടുന്നവര്‍, സൊറ പറയുന്നവര്‍, കഴിഞ്ഞ ദിവസം വായിച്ചവസാനിപ്പിച്ച പേജില്‍ നിന്ന് നോവലിന്റെ ബാക്കി വായിക്കുന്നവര്‍, mobile phone, mp3  തുടങ്ങിയ gadget -കളില്‍ മുഖവും മനസ്സും (!) പൂഴ്ത്തിയിരിക്കുന്നവര്‍, പരീക്ഷക്ക്‌ പഠിക്കുന്നവര്‍, വായ്‌ നോക്കുന്നവര്‍ (ഞാനും, നിങ്ങളും ഉള്‍പ്പടെ). അങ്ങനെ പലതരം മനുഷ്യര്‍. 
നാട്ടിലെ പാസ്സഞ്ചര്‍ ട്രെയിനിലും മുംബൈയിലെ സബര്‍ബന്‍ ട്രെയിനുകളിലും മാത്രം കണ്ടു ശീലിച്ച കാഴ്ചകളാണ് ഇത്.  തിരക്കിനിടയിലും ഇത് ഇവര്‍ എങ്ങനെ ചെയ്യുന്നു എന്ന് തോന്നും. പിന്നെ പിന്നെ നമ്മളും അതിന്റെ ഭാഗമാകും. Fast ലോകത്തിന്റെ ഭാഗമായ നമ്മളും പതുക്കെ പതുക്കെ അതില്‍ അലിഞ്ഞ് അലിഞ്ഞ് ചേരും... slowly, slowly, slowly...
ബസ്‌ ഒരു (പരിധി വരെ) സാംസ്കാരിക പ്രതീകം തന്നെയാണ്... 

Heading courtesy: Tissy Mariam Thomas